Monday, February 23, 2009

എന്റെ കവീക്കുന്ന്‌

കോട്ടയം ജില്ലയിലെ പാലാ മുനിസിപ്പാലിയില്‍ ഉള്‍പ്പെടുന്ന ഒരു പ്രദേശമാണ്‌ കവീക്കുന്ന്‌. കുന്നേന്നു പറഞ്ഞാല്‍ പാലായുടെ `എവറസ്റ്റ്‌' തന്നെ. ഇവിടെ നിന്നു നോക്കിയാല്‍ പാലാ ടൗണും പരിസരവുമൊക്കെ കാണാം.



ഇവിടെയാണ്‌ പാലാ രൂപതയില്‍പ്പെട്ട കവീക്കുന്ന്‌ സെന്റ്‌ എഫ്രേംസ്‌ പള്ളി. വിദ്യാഭ്യാസകാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ അഫ്രേമിന്റെ നാമധേയത്തിലുള്ള പള്ളി സ്ഥാപിച്ചിട്ട്‌ ഒരു നൂറ്റാണ്ടിലേറെ കാലമായി. പള്ളിയുടെ അനുബന്ധ സ്ഥാപനമാണ്‌ സെന്റ്‌ എഫ്രേംസ്‌ യു.പി. സ്‌കൂള്‍. ഒട്ടേറെ പേര്‍ക്കു വിദ്യയുടെ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കിയ വിദ്യാക്ഷേത്രമാണിത്‌. പക്ഷേ, ഇന്ന്‌ ഇവിടെ വിദ്യാര്‍ത്ഥികളുടെ എണ്ണം പരിമിതമാണ്‌. ഇവിടെയുള്ള ഏക സര്‍ക്കാര്‍ സ്ഥാപനം കേന്ദ്രസര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കവീക്കുന്ന്‌ ബ്രാഞ്ച്‌ പോസ്റ്റോഫീസ്‌ മാത്രമാണ്‌. പിന്നെ എടുത്തുപറയാനുള്ളത്‌ ഒട്ടേറെ വിവാദങ്ങള്‍ക്കു വഴിതെളിച്ച കവീക്കുന്നു ജലവിതരണപദ്ധതിയാണ്‌. മറ്റൊന്ന്‌ കവീക്കുന്നു റബര്‍ ഉത്‌പാദകസംഘവും. കവീക്കുന്നുപള്ളി തിരുനാളിനും ഞായറാഴ്‌ചകളിലും മറ്റുമാണ്‌ ആളുകള്‍ പ്രധാനമായും ഇവിടെ എത്താറുള്ളത്‌.


എന്റെ കവീക്കുന്നിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ ചിതറിക്കിടക്കുകയാണ്‌.


സ്‌കൂളില്‍ ചേരാനാണ്‌ ആദ്യമായി കുന്നിനു മുകളില്‍ എത്തുന്നത്‌. ഡാഡിയുടെ അനുജനായ സാബു പാപ്പനും ബന്ധുവായ ജോജി പാപ്പനും ഇവിടെയാണ്‌ പഠിച്ചത്‌. (അവരുടെ കുഴപ്പമാണോ സ്‌കൂളിന്റെ കുഴപ്പമാണോ എന്നറിയില്ല കവീക്കുന്നു സ്‌കൂളിനുശേഷം മറ്റൊരു സ്‌കൂളിലും അവര്‍ പഠിക്കാന്‍ പോയതായി അറിയില്ല.) എന്റെ തറവാടിനടുത്തുള്ള മഞ്ഞപ്പള്ളിയിലെ ആമ ടീച്ചര്‍ (ത്രേസ്യാമ്മ ടീച്ചര്‍) ആണ്‌ സ്‌കൂളില്‍ ചേര്‍ത്തത്‌. കാഞ്ഞിരപ്പള്ളിയിലെ ഇന്‍ഫന്റ്‌ ജീസസ്‌ ബോര്‍ഡിംഗ്‌ സ്‌കൂളില്‍ പഠിച്ചിരുന്ന എന്നെ ഒന്നാംക്ലാസിലാണ്‌ കവീക്കുന്നില്‍ ചേര്‍ത്തത്‌. ഒന്നരവയസ്‌ ഇളയവനായ അനുജന്‍ അബിയെയും എന്നോടൊപ്പം സ്‌കൂളില്‍ ചേര്‍ത്തു. ഒന്നാംക്ലാസില്‍ ചെന്നപ്പോള്‍ കുട്ടികളെല്ലാം ബഞ്ചില്‍ ഇരിക്കുന്നത്‌ ഇപ്പോഴും ഓര്‍ക്കാന്‍ സാധിക്കുന്നു. അതില്‍ ഓര്‍ക്കുന്ന കൂട്ടുകാര്‍ ബാബു മുകാലയും ഈപ്പന്‍ ജോസിന്റെ മകന്‍ ബോബിയുമാണ്‌. വേറൊരാള്‍ ആട്ടുംപീപ്പി എന്ന വിളിപ്പേരുകാരനാണ്‌. ആട്ടുംപീപ്പിയുടെ യഥാര്‍ത്ഥ പേരും മുഖവും ഓര്‍മ്മയിലില്ല.


ആമ ടീച്ചറുടെ കെയര്‍ഓഫിലായിരുന്നതിനാല്‍ ടീച്ചേഴ്‌സ്‌ റൂമിലായിരുന്നു ആദ്യകാലത്ത്‌ ഉച്ചഭക്ഷണം. ആമടീച്ചറുടെ വീട്ടിലെ നിമ്മിചേച്ചിയുടെ ഒക്കെ ഒപ്പമായിരുന്നു ആദ്യകാലത്ത്‌ മൂന്നാനിയില്‍നിന്നും കുത്തനെയുള്ള കയറ്റം കയറി കവീക്കുന്നിലെത്തിയിരുന്നത്‌. ഒന്നാം ക്ലാസില്‍ പഠിപ്പിച്ചിരുന്ന ഊട്ടുകളത്തില്‍ അന്നക്കുട്ടി ടീച്ചറായിരുന്നു. അസുഖത്തെ തുടര്‍ന്നു അന്നക്കുട്ടി ടീച്ചര്‍ പിന്നീട്‌ മരിച്ചുപോയി.


രണ്ടിലും മൂന്നിലും പഠിച്ചതിനെക്കുറിച്ചു വല്യ ഓര്‍മ്മയില്ല. നാലില്‍ വച്ചുണ്ടായ ഒരു സംഭവം `' ഡിവിഷനില്‍നിന്നും എന്നെ `ബി' ക്ലാസില്‍ എത്തിച്ചു. മണ്ണൂരാംപറമ്പില്‍ ഭായി ടീച്ചര്‍ തെറ്റായി ഞാന്‍ എഴുതിയ ഉത്തരത്തിനു ശരി നല്‍കി. വീട്ടില്‍ വന്നപ്പോള്‍ ഡാഡി അതു മനസ്സിലാക്കി പറഞ്ഞു തന്നു. പിറ്റേദിവസം അതു ചൂണ്ടിക്കാണിച്ചപ്പോള്‍ ഞാന്‍ തന്നെ ചുവന്ന മഷിക്കു ശരിയിട്ടതാണെന്നു ടീച്ചര്‍ പറഞ്ഞു. എന്റെ ഉത്തരം നോക്കിയെഴുതിയ കളരിയാന്‍മാക്കല്‍ ജോസഫിനും (ചക്കര പഞ്ചാര) ശരിയാണ്‌ ടീച്ചര്‍ നല്‍കിയിരുന്നത്‌. ഇതു ചൂണ്ടിക്കാട്ടിയപ്പോള്‍ അതും ഞാനിട്ടതാണെന്നു ടീച്ചര്‍ വാദിച്ചു. തുടര്‍ന്നായിരുന്നു ഡിവിഷന്‍ മാറ്റം. പിന്നെ `ബി' ക്ലാസിലായിരുന്നു വര്‍ഷം പഠിച്ചത്‌. ഹാജര്‍ `' ക്ലാസിലും.അക്കാലത്ത്‌ ഡി.സി.എല്ലിന്റെ ചുമതല എല്‍സിടീച്ചറിനായിരുന്നു. ടീച്ചര്‍ എന്നെ DCL -ല്‍ (ദീപിക ചില്‍ഡ്രന്‍സ്‌ ലീഗ്‌) ചേര്‍ത്തു. പുതിയ പൂക്കള്‍ എന്ന പേരില്‍ എന്റെ പേര്‌ ആദ്യം പത്രത്തില്‍ അച്ചടിച്ചുവന്നതും ദീപികയിലായിരുന്നു. അക്കാലത്ത്‌ സ്റ്റേജില്‍ കയറി നാടകം അവതരിപ്പിക്കാന്‍ തുടങ്ങി.


ആദ്യമൊക്കെ എന്റെ മമ്മിയാണ്‌ നാടകം എഴുതി തന്നിരുന്നത്‌. പിന്നെ ഞാന്‍ തന്നെ നാടകമെഴുതി. സ്റ്റണ്ട്‌ അടക്കമുള്ള നാടകമായിരുന്നു കളിച്ചിരുന്നത്‌. ഒരിക്കല്‍ കൊള്ളക്കാരനായി ഞാന്‍ വേഷമിട്ട നാടകത്തില്‍ പോലീസ്‌ തോക്കുചൂണ്ടി കൊണ്ടുപോകുന്ന രംഗമുണ്ടായിരുന്നു. പോലീസിന്റെ തോക്കു തൊഴിച്ചു തെറിപ്പിക്കുന്നതോടൊപ്പം കാലിലെ ഷൂ ഊരി തെറിച്ചു മറിയക്കുട്ടി ടീച്ചറിന്റെ തലയില്‍ വീണു. അതോടെ സ്റ്റണ്ടു നാടകങ്ങള്‍ക്കു വിലക്കു വന്നു. മറ്റൊരിക്കല്‍ എഴുതി തയ്യാറാകാതെ സ്റ്റേജില്‍ കയറി നാടകം കളിച്ചു. ഞാന്‍ സ്റ്റേജില്‍ പത്രം വായിച്ച്‌ ഇരിക്കുന്നു. പാലയ്‌ക്കല്‍ രാജു വന്നു സംസാരിക്കുന്നു. തുടര്‍ന്നു വായില്‍ തോന്നുന്നതു സംസാരിക്കാന്‍ തീരുമാനിച്ചാണ്‌ സ്റ്റേജിലെത്തിയത്‌. രാജുവിനിട്ട്‌ എന്തോ പറഞ്ഞ്‌ ഞാന്‍ കൈവീശി അടിച്ചു. അടിച്ചശക്തിയില്‍ രാജു വീണു. എങ്കിലും എണ്ണീറ്റ രാജു അതു വകവയ്‌ക്കാതെ നാടകം തുടര്‍ന്നു.ബാലകലോത്സവത്തില്‍ നാടകത്തില്‍ അഭിനയിക്കാന്‍ അവസരം ഉണ്ടായി. നാടകത്തില്‍ ഇല്ലാത്തഭാഗം എനിക്കായി എഴുതിച്ചേര്‍ത്തായിരുന്നു കൊമേഡിയന്റെ റോള്‍. അതിനു സമ്മാനവും ലഭിച്ചു.


സ്‌കൂളില്‍നിന്നും വിടുമ്പോള്‍ `ക്യൂ' ആയിട്ടായിരുന്നു കുട്ടികള്‍ വീട്ടില്‍ പോയിരുന്നത്‌. അതുപോലെ തന്നെ ഗാന്ധിജയന്തിയോടനുബന്ധിച്ചു നടത്തിയിരുന്ന സേവനവാരം ആഘോഷമായിരുന്നു. സ്‌കൂളും പരിസരവും വൃത്തിയാക്കാനും കമ്പിളി നാരങ്ങാ തിന്നാനും മറ്റും കുട്ടികള്‍ മത്സരിച്ചു. എന്നാല്‍ ഇപ്പോള്‍ പരിപാടി പാടെ നിലച്ചുപോയി.


അഞ്ചില്‍ പഠിക്കുമ്പോള്‍ എന്റെ ക്ലാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിക്ക്‌ എന്റെ പേരില്‍ ഒരു `ലൗ'ലെറ്റര്‍ ചെന്നു. സ്‌കൂളിലെ ടീച്ചര്‍മാരുടെ പ്രത്യേക പരിഗണന കിട്ടിയിരുന്ന കുട്ടിയായിരുന്നു അത്‌, അതു വല്യ വിഷയമാക്കി. ഞാന്‍ അയച്ച കത്തല്ലായിരുന്നു അത്‌. അതിനാല്‍ കുറ്റം ഏല്‍ക്കാന്‍ ഞാന്‍ തയ്യാറായില്ല. പ്രശ്‌നമായപ്പോള്‍ എന്നോട്‌ താത്‌പര്യമുള്ള ഒരു അധ്യാപകന്‍ ആരെന്നറിയില്ല, ഒരു നിര്‍ദ്ദേശം മുന്നോട്ടുവച്ചു. കൈയക്ഷരം പരിശോധിക്കാന്‍. പരിശോധനാഫലം വന്നപ്പോള്‍ സോജനാണ്‌ കത്തയച്ചതെന്നു കണ്ടെത്തി. സംഭവങ്ങള്‍ക്കിടയില്‍ ഏഴില്‍ പഠിപ്പിക്കുന്ന ത്രേസ്യാമ്മ ടീച്ചര്‍ (ആമ ടീച്ചറല്ല) എന്നെ ഭീഷണിപ്പെടുത്തിയത്‌ ഇപ്പോഴും ഓര്‍ക്കുന്നു. പെണ്‍കുട്ടിയുടെ അമ്മാവന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറാണ്‌ പിടിച്ചു ജയിലിലിടുമെന്ന്‌.


ഏഴില്‍ പഠിക്കുന്ന ഒരു ദിവസം എന്തോ കാര്യത്തിനു ചീരാംകുഴി മൈക്കിളുകുട്ടിയുമായി വഴക്കുണ്ടാക്കി. മുഖമടച്ച്‌ ഒരടികൊടുത്തു ഞാന്‍. പിന്നെ ഹെഡ്‌മാസ്റ്ററായിരുന്ന തങ്കച്ചന്‍ സാര്‍ (വി.സി. ജോസ്‌ വെട്ടുകാട്ടില്‍) ഹെഡ്‌മാസ്റ്ററുടെ മുറിയില്‍ വിളിച്ചുവരുത്തി. ചൂരല്‍പ്രയോഗം തന്നു. ഏഴുതവണ. മൈക്കിളുകുട്ടി എന്റെ അടിയേറ്റു ഛര്‍ദ്ദിച്ചുവത്രെ. പിന്നീടാണറിഞ്ഞത്‌ മൈക്കിളുകുട്ടിയും തങ്കച്ചന്‍സാറും കുടുംബക്കാരാണെന്ന്‌. സംഭവമറിഞ്ഞ എന്റെ വല്ല്യമ്മ തങ്കച്ചന്‍സാറിന്റെ വീട്ടിലെത്തി വഴക്കുണ്ടാക്കിയതും ഓര്‍മ്മയിലുണ്ട്‌.മൈക്കിള്‍ ഇപ്പോള്‍ പാലാ രൂപതയിലെ വൈദികനാണ്‌.ഏഴില്‍ പഠിക്കുമ്പോഴാണ്‌ കവീക്കുന്നു പള്ളി പുതുക്കിപണിയുന്നത്‌. അതിനു കല്ലുംമണ്ണും ചുമന്നിട്ടുണ്ട്‌.


സ്‌കൂള്‍ പഠനത്തിനുശേഷം വേദപാഠപഠനത്തിനു പള്ളിയില്‍ പോകാനുമായിട്ടാണ്‌ കവീക്കുന്നില്‍ എത്താറുണ്ടായിരുന്നത്‌.ഫാ. മൈക്കിള്‍ കിഴക്കേപ്പറമ്പില്‍ എന്ന വികാരി അച്ചന്റെ കാലത്താണ്‌ കവീക്കുന്നിലെ എന്നെ സംബന്ധിച്ച ചില ഓര്‍മ്മകള്‍. അച്ചന്‌ എന്നോട്‌ എന്തോ പ്രത്യേക വിരോധമായിരുന്നു. ഒരിക്കല്‍ ഞാനും മറ്റു ചിലരും വേദപാഠത്തിന്റെ ഇന്റര്‍വെല്‍ കഴിഞ്ഞ്‌ പത്തുമിനിറ്റ്‌ താമസിച്ച്‌ എത്തി. ഞാനൊഴികെയുള്ളവരെ ക്ലാസിലിരുത്തി. എന്നോട്‌ മാത്രം വീട്ടില്‍നിന്നും ആളെ കൊണ്ടുവരണമെന്നാവശ്യപ്പെട്ടു. അതോടെ വേദപാഠപഠനം നിര്‍ത്തി. നേരത്തെ മിഷന്‍ലീഗില്‍ പ്രവര്‍ത്തിച്ചിരുന്നു. മിഷന്‍പിരിവിനു നാടുനീളെ കഷ്‌ടപ്പെട്ടു നടന്ന എന്നെ ആക്ഷേപിക്കാന്‍ മൈക്കളച്ചന്‍ പല വീടുകളിലും ബില്ലിന്റെ കൗണ്ടര്‍ഫോയിലുമായി ചെന്ന വിവരം പിന്നീട്‌ അറിഞ്ഞു. ആളുകള്‍ തന്നതും ഞാന്‍ എഴുതിയതും ഒന്നാണോയെന്നു ഒത്തുനോക്കാന്‍ ആണത്രെ വൈദികന്റെ നടപടി. ഒരു തെറ്റും കണ്ടുപിടിക്കാന്‍ വൈദികനു കഴിഞ്ഞില്ല. ഇത്തരം പ്രവര്‍ത്തികള്‍ പലതും ആവര്‍ത്തിച്ചതോടെ കവീക്കുന്നുകയറ്റം ഒഴിവാക്കി.


പിന്നീട്‌ ഫാ. ജേക്കബ്‌ കരിങ്ങോഴയ്‌ക്കല്‍ എത്തിയപ്പോഴാണ്‌ കവീക്കുന്നില്‍ വീണ്ടും എത്തിത്തുടങ്ങിയത്‌. അച്ചന്റെ നേതൃത്വത്തില്‍ നടത്തിയ പള്ളിയുടെ ശതാബ്‌ദി ആഘോഷം വന്‍വിജയമാക്കി. അതിന്റെ സ്‌മരണിക കമ്മിറ്റിയുടെ എഡിറ്ററായി പ്രവര്‍ത്തിക്കാനും സാധിച്ചു.ഇപ്പോള്‍ ഞായറാഴ്‌ചകളില്‍ കവീക്കുന്ന്‌ കയറും. പഴയ ഓര്‍മ്മകളുമായി.


--------------------------------------------------------------------------------------


കവീക്കുന്ന്‌ കഥകള്‍


കവീക്കുന്നിനെക്കുറിച്ചും സ്‌കുളില്‍ പഠിച്ചവരെക്കുറിച്ചും ഒട്ടേറെ കഥകള്‍ പറഞ്ഞു കേള്‍ക്കാറുണ്ട്‌. അതില്‍ ചിലത്‌:


കവീക്കുന്നു സ്‌കൂളില്‍ പഠിച്ചയാളാണ്‌ ജോസ്‌ മുകാല എന്ന മാനൂട്ടി.


മാനൂട്ടി കവീക്കുന്നു സ്‌കൂളിലെ പഠനത്തിനുശേഷം ഭരണങ്ങാനം സ്‌കൂളില്‍ പഠിക്കാന്‍ എത്തി. അധ്യാപകന്‍ ഇംഗ്ലീഷില്‍ മാനൂട്ടിയോട്‌ ചോദിച്ചു:What is your Name?


ഉടന്‍ മാനൂട്ടി ഉത്തരം നല്‍കി.My name is Kaveekunnu!


മറ്റൊന്ന്‌.മലയാളം അധ്യാപകന്‍ മാനൂട്ടിയോട്‌ : മുഖത്തിന്റെ പര്യായപദങ്ങള്‍ പറയൂ.


മാനൂട്ടി : കിറി, മോന്ത, മൂഞ്ഞി


------------------------------------------------------------------------------------


ഈയിടെ കേട്ടത്‌


കവീക്കുന്ന്‌ സ്‌കൂളില്‍ പഠിച്ച പലര്‍ക്കും തൊഴിലില്ല. തൊഴിലില്ലാത്തവര്‍ ഒത്തുകൂടി. അവസാനം കാരണക്കാരനെ കണ്ടുപിടിച്ചു. തങ്കച്ചന്‍ സാര്‍. സാര്‍ അദ്ധ്യാപക സംഘടനാ നേതാവായിരുന്നതിനാല്‍ പലപ്പോഴും സ്‌കൂളില്‍ എത്താറില്ലായിരുന്നുവത്രെ. സാര്‍ പഠിപ്പിക്കാത്തതുമൂലം പരീക്ഷ വന്നപ്പോള്‍ കുട്ടികള്‍ക്ക്‌ ആനമുട്ട. പലരും തോറ്റു. ഇനി പഠിക്കാന്‍ പലര്‍ക്കും പറ്റില്ല. അവര്‍ ആലോചിച്ചു. പഴയപുരയ്‌ക്കല്‍ അഫ്രേംകുട്ടി വഴി കണ്ടെത്തി. നഷ്‌ടപരിഹാരം ആവശ്യപ്പെട്ടു തങ്കച്ചന്‍ സാറിനെതിരെ കേസുകൊടുക്കാന്‍.

About Me

My photo
Chairman, Mahatma Gandhi National Foundation, Pala, Kerala, India -686 575 Mob : 9447702117